കാലാവസ്ഥാ വ്യതിയാനവും അനുബന്ധ ദുരന്തങ്ങളും തുടര്‍ക്കഥയായി മാറുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ദൈനംദിന ജീവിത ശൈലിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ട്. നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും നമ്മുടെ ശീലങ്ങളും പ്രകൃതിയിലും ആരോഗ്യത്തിനും ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഉദാഹരണത്തിന്, ആര്‍ത്തവകാല പരിചരണം. സാധാരണ ആര്‍ത്തവശുചിത്വം ചര്‍ച്ച ചെയ്യുമ്പോള്‍, ശുചിത്വം ഉറപ്പാക്കാന്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സിന്തടിക് സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കുക എന്ന തത്വമാണ് നാം പ്രായോഗികമാക്കാന്‍ ശ്രമിക്കുക.എന്നാല്‍ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന ഈ മാലിന്യം ഇന്ന് പ്രകൃതിയുടെ തീരാശാപമായി മാറിക്കൊണ്ടിരിക്കുന്നു. മാസം തോറും നാം പുറം തള്ളുന്ന ആര്‍ത്തവമാലിന്യം നമ്മുടെ മണ്ണിലും ജലാശയങ്ങളിലും എത്തി പ്രകൃതി മലിനീകരണത്തിനു ഹേതുവാകുന്നു. ഇത്തരമൊരു അവസ്ഥയ്ക്കാണ് മുഹമ്മയിലെ കനാലുകള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നത്. മുഹമ്മ പഞ്ചായത്തും, ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇകളോജി ആന്‍ഡ് ദി എന്‍വയോന്‍മെന്റും ( ATREE) വേമ്പനാട് കായൽ സംരക്ഷണ സമിതിയും സംയുക്തമായി നടത്തിയ കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ വേളയിലാണ് കനാലുകളില്‍ കുമിഞ്ഞു കൂടിയ ആര്‍ത്തവമാലിന്യം അത് കായലിന്റെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കാന്‍ പോന്നതാണ് എന്നത് കണ്ടെത്തുന്നത്. ഒരു സാനിട്ടറി പാട് നാല് പ്ലാസ്റിക് ബാഗിന് തുല്യമാണ്. അത് ഭൂമിയില്‍ 800 വര്‍ഷത്തോളം അവശേഷിക്കും. ഇതില്‍ നിന്നും ഈ പ്രശ്നത്തിന്റെ ഭീകരാവസ്ഥ നമുക്ക് ഊഹിക്കാന്‍ കഴിയും.
ഏട്രീ നടത്തിയ സര്‍വ്വേ പ്രകാരം ഏകദേശം 6000 ലധികം ആര്‍ത്തവ മതികളായ സ്ത്രീകള്‍ ഉള്ള മുഹമ്മയില്‍ നിന്ന് മാത്രം മാസം തോറും ഏകദേശം ഒരു ലക്ഷം സാനിട്ടറി പാഡുകള്‍ പുറംതള്ളപ്പെടുന്നതായി കണ്ടെത്തി.വേമ്പനാട് പോലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തണ്ണീര്‍ തടങ്ങളില്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥ സംജാതമാക്കുന്നു. ഇന്ന് ധാരാളം പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.അതില്‍ ഏറ്റവും അനുയോജ്യമായത് രണ്ടു രീതികളാണ്, പ്രകൃതിസൗഹൃദവും പുനരുപയോഗം ചെയ്യാവുന്നതുമായ തുണി പാഡുകളും മെന്‍സ്ട്രുവല്‍ കപ്പുകളും.എന്നാല്‍ ഈ അവബോധം സ്ത്രീകളില്‍ എത്തിക്കുകയും അവരെ ഇവ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും എന്നത് ഇന്നത്തെ സാഹചര്യത്തില്‍, പ്രത്യേകിച്ചും ആര്‍ത്തവ കാര്യങ്ങളില്‍ സമൂഹം വച്ച് പുലര്‍ത്തുന്ന മനോഭാവം കണക്കിലെടുക്കുമ്പോള്‍ ഒരു വെല്ലുവിളി തന്നെയാണ്.
ഏതൊരു മാറ്റവും, പ്രത്യേകിച്ചും അത് ശീലങ്ങളുടെ കാര്യമാവുമ്പോള്‍, അതിനു ബോധവല്‍ക്കരണം ആവശ്യമാണ്. ഇതിനുള്ള ശ്രമങ്ങളാണ് ആദ്യപടിയായി ചെയ്യേണ്ടിയിരുന്നത്. ഇതിനു സഹായമായത് ഏട്രീയുടെ പദ്ധതിയാണ്. 2019 മാര്ച് 21നു നടത്തിയ ആദ്യ ഏകദിന ശില്പശാലയില്‍ ഇതിനു തുടക്കം കുറിചു. പങ്കെടുത്ത സ്ത്രീകളില്‍ നിന്നും പകുതിയോളം പേര്‍ ഈ ബദല്‍ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ തയ്യാറായി. ഇവ ലഭ്യമാക്കുന്നതിനൊപ്പം ഉപയോഗശേഷം അവരുടെ അഭിപ്രായങ്ങള്‍ കൃത്യമായി മനസ്സിലാക്കി. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് ലഭിച്ച പിന്തുണയാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യുവാന്‍ പഞ്ചായത്തിനെയും എട്രീയെയും പ്രേരിപ്പിച്ചത്.
രണ്ടാം ഘട്ടത്തില്‍ ഏട്രീ ISRO യുടെ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ന്റെ സഹായത്തോടെ തുണി പാഡുകളും ആര്‍ത്തവ കപ്പുകളും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന തരത്തില്‍ പദ്ധതി ആസൂത്രണം ചെയ്തു. ഇതിനായി എട്രീയുടേയും ആന്‍ട്രിക്സ് കോര്‍പ്പറേഷന്റെയും സാമ്പത്തിക സഹായം കൂടാതെ പഞ്ചായത്ത് മുന്‍കയ്യെടുത്ത് പദ്ധതിയുടെ നടത്തിപ്പിന് തുക വകയിരുത്തുകയും ചെയ്തു.
ഈ യാത്രയിലെ സുപ്രധാന നാഴികകല്ലുകള്‍
ശുചിത്വ ഗ്രാമസഭകള്‍
2019 സെപ്റ്റംബര്‍ മാസത്തില്‍ പ്രത്യേക അജണ്ട പ്രകാരം നടന്ന ശുചിത്വ ഗ്രാമസഭകളിലൂടെ ആയിരുന്നു പദ്ധതിയുടെ പ്രചരണം ആരംഭിച്ചത്. 16 വാര്‍ഡുകളിലും നടന്ന ഗ്രാമസഭകളില്‍ എട്രീയുടെ വിദഗ്ധര്‍ ബോധാവല്‍ക്കാരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ആവശ്യം ഉള്ള സ്ത്രീകളുടെ കണക്കെടുപ്പ് നടത്തി എട്രീയുടെ പ്രവര്‍ത്തകര്‍ തുണിപാടുകളും ആര്‍ത്തവകപ്പുകളും ലഭ്യമാക്കി. തുണിപാഡുകള്‍ക്കായി പോണ്ടിച്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എകൊഫേം എന്ന സ്ഥാപനത്തെയും ആര്‍ത്തവ കപ്പുകള്‍ക്ക് ബംഗ്ലോര്‍ ആസ്ഥാനമായ ക്രെസന്ഷിയ എന്ന കമ്പനിയെയും ആണ് ആശ്രയിച്ചത്.
സമ്പൂര്‍ണ്ണ മാര്‍ഗ്ഗരേഖ:
സര്‍ക്കാരിന്റെ ജനകീയ സംവിധാനങ്ങളെ പൂര്‍ണ്ണമായും ഉപയോഗിച്ച് ത്രിതല പഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സാമൂഹിക വകുപ്പുകളെ ബന്ധിപ്പിച്ചുകൊണ്ട് സമഗ്രമായ ഒരു പ്രചരണ പരിപാടിയാണ് ഇതിനായി ആസൂത്രണം ചെയ്തത്.
Fig 1 : എട്രീ പദ്ധതി നിര്‍വഹണത്തിനു സ്വീകരിച്ച ഏകോപന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ
പദ്ധതി ഉദ്ഘാടനം
2019 ഡിസംബര്‍ മാസം നടന്ന പൊതു ചടങ്ങില്‍ ബഹു. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ തിലോത്തമന്‍ അവര്‍കള്‍ ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.
ആശ പ്രവര്‍ത്തകരിലൂടെ വീടുതോറും ബോധവല്‍ക്കരണം
അടുത്ത പടിയായി മുഹമ്മയിലെ 16 വാര്‍ഡ്‌കളിലെ 29 ആശ പ്രവര്‍ത്തകര്‍ക്ക് എട്രീ പദ്ധതിയിലൂടെ പരിശീലനം നല്‍കി. എല്ലാ മാസവും ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന ഇവര്‍ ഒരു ചെറിയ പരിശീലന കിറ്റ് ന്റെ സഹായത്തോടെ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം നടത്തി. ഈ പരിശീലന കിറ്റില്‍ പദ്ധതിയുടെ വിശദവിവരങ്ങള്‍, സിന്തെടിക് സാനിട്ടറിപാഡിന്റെ ദൂഷ്യവശങ്ങള്‍ സുസ്ഥിര ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആയ തുണി പാഡുകള്‍ ആര്‍ത്തവ കപ്പുകള്‍ എന്നിവയുടെ ഉപയോഗം, ഗുണങ്ങള്‍ താരതമ്യേനയുള്ള സാമ്പത്തിക ലാഭം എന്നിവ വിശദമാക്കുന്ന നോടീസ് (ചിത്രം. ) കൂടാതെ തുണി പാഡുകള്‍ കപ്പുകള്‍ എന്നിവയുടെ സാമ്പിളും അടങ്ങിയിട്ടുണ്ട്. ബോധ വല്‍ക്കരണ വേളയില്‍ ആവശ്യമുള്ള സ്ത്രീകള്‍ക്ക് നോടീസില്‍ തന്നെ നല്‍കിയിട്ടുള്ള ഭാഗം പൂരിപ്പിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേക ക്ലാസുകള്‍
ഈ കാലയളവില്‍ തന്നെ മുഹമ്മയിലെ എല്ലാ വിദ്യാലയങ്ങളിലും ഒരേ ഒരു കോളേജ് ആയ UIT യിലും എട്രീയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. പഞ്ചായത്തിന്റെയും എട്രീയുടെയും പദ്ധതിയിലൂടെ കുട്ടികള്‍ക്ക് പ്രത്യേകിച്ച് ബി പി എല്‍ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് തുണി പാഡുകള്‍ സൌജന്യമായി നല്‍കുവാന്‍ നടപടി എടുത്തു. ഇതിനു പുറമേ കൌമാരക്കാരായ പെണ്‍കുട്ടികളെ മുഴുവന്‍ ബോധവല്ക്കരിക്കുന്നതിനു അംഗനവാടികളെ ചുമതലപ്പെടുത്തി. ഇവിടെയാണ് കൌമാരക്കാരായ കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. ഇവര്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്.
സുതാര്യത ഉറപ്പാക്കല്‍: സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രത്യേക സി ഡി എസ ( CDS) അക്കൗണ്ട്
ഉപഭോക്താവ് സബ്സിഡി വിഹിതം നല്‍കി ഉല്‍പ്പന്നം വാങ്ങുന്നതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് സുതാര്യത അനിവാര്യമായിരുന്നു. ഇതിനായി CDS ചെയര്‍പെര്‍സണ്‍ ശ്രീമതി ലത CDS സെക്രട്ടറി ശ്രീമതി സിന്ധു രാജീവ് എന്നിവരുടെ പേരില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങി മുഴുവന്‍ സാമ്പത്തിക ഇടപാടുകളും അതിലൂടെ ഏകോപിപ്പിച്ചു.
എകൊഫേം നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍:
തുണി പാഡുകള്‍ നല്‍കുന്ന എകൊഫേം ഏട്രീ യുമായി ചേർന്ന് പഞ്ചായത്തിലെ സ്ത്രീകള്‍ക്കായി വിവിധ ബോധവല്‍ക്കണ ക്ലാസുകള്‍ സംഘടിപ്പിച്ചു. 2020 മാര്ച് ആദ്യവാരം 3 ദിവസങ്ങളില്‍ ആയാണ് ഇത് സംഘടിപ്പിച്ചത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാട്സാപ് ഗ്രൂപ്പുകള്‍ വഴി ഏകോപനം:
കൊറോണ അതിവ്യാപനത്തെ തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. കൊറോണയെ അതിജീവിക്കാന്‍ നാം ആശ്രയിച്ച പ്രധാന മാര്‍ഗ്ഗം ആയിരുന്നല്ലോ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം. ഇതേതുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനങ്ങളും ഇതേ മാര്‍ഗ്ഗം തേടി. മുഹമ്മയിലുള്ള ഓണ്‍ലൈന്‍ സാമൂഹിക കൂട്ടായ്മകള്‍ വാട്സാപ് ഗ്രൂപ്പുകള്‍ എന്നിവയിലൂടെ സന്ദേശങ്ങള്‍ വീഡിയോകള്‍ വെബിനാറുകള്‍ എന്നിവ വഴി ഇതിനൊരു ബദല്‍ സംവിധാനം അവലബിക്കുകയും വിജയകരമായി ഇത് പൂര്‍ത്തിയാക്കാനും ആയി.
കുടുംബശ്രീയുടെ ഇടപെടല്‍: CDS – ADS – NHGs വഴി സ്ത്രീകളിലേക്ക്
കൊറോണയുടെ മാനദണ്ഡം പാലിച്ചു തന്നെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ചെറിയ ചെറിയ ഗ്രൂപ്പുകള്‍ ആണ് അഭികാമ്യം എന്നതിനാലും സ്ത്രീകളെ എറ്റവും കൂടുതല്‍ ഒരുമിപ്പിക്കുന്ന തലങ്ങള്‍ എന്ന നിലയിലും അയൽ കൂട്ടങ്ങള്‍ തൊഴിലുറപ്പ് സ്ഥലങ്ങള്‍ തുടങ്ങി കൊറോണ മാനദണ്ഡം പാലിച്ചു നടക്കുന്ന ചെറിയ കൂട്ടയ്മകളിലെക്ക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ എത്തിക്കുവാന്‍ കഴിഞ്ഞതാണ് കൊറോണ പ്രതിസന്ധിയെ മറികടന്നുകൊണ്ട് ഈ പദ്ധതിയുടെ പൂര്‍ത്തീകരണം സാധ്യമാക്കിയത്.
മാറ്റത്തിനൊരുങ്ങി മുഹമ്മയിലെ കടകളും:
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടം എന്നാ നിലയില്‍ മുഹമ്മയില്‍ ഇപ്പോള്‍ സിന്തെടിക് സാനിട്ടറി പാടുകള്‍ വില്‍ക്കുന്ന പ്രധാന കടകളില്‍ നിന്നും ക്രമേണ അവ ഒഴിവാക്കി ബദല്‍ മാര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്നതിനുള്ള ആദ്യ ചുവടു വയ്പ്പായി തുണി പാഡുകളും ആര്‍ത്തവ കപ്പുകളും പ്രദര്‍ശിപ്പിച്ചു അവ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.
ബദല്‍ മാര്‍ഗ്ഗങ്ങളുടെ സ്വീകാര്യത:
സിന്തെറ്റിക്ക് സാനിട്ടറി പാടുകളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കി സ്ത്രീകളുടെയും ഭൂമിയുടെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ നാം മുന്നോട്ട് വച്ച പ്രധാന ആശയം.
മുഹമ്മയിലെ ആകെയുള്ള 13308 സ്ത്രീകളില്‍ 6186 പേര്‍ ആര്‍ത്തവം ഉള്ള സ്ത്രീകള്‍ ആണ്. ഇതില്‍ ഏകദേശം 27 ശതമാനത്തോളം സ്ത്രീകള്‍ ഇപ്പോഴും പഴയ തുണി ഉപയോഗിക്കുന്നവര്‍ ആണ്. അതിനാല്‍ തുണിപാഡുകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ബോധവല്‍ക്കര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 40 വയസ്സിന് മുകളില്‍ പ്രായം വരുന്ന സ്ത്രീകളില്‍ 60% അധികം സ്ത്രീകള്‍ തുണി ഉപയോഗിചിരുന്നവര്‍ ആയിരുന്നു. ഏകദേശം ഒരു വര്‍ഷത്തില്‍ അധികം വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഈ വിഭാഗത്തില്‍ എല്ലാവരും തന്നെ പ്രത്യേകിച്ചും ലോക്ക്ഡൌണ്‍ സാഹചര്യത്തില്‍ തുണിയോ തുണി പാടുകളോ മാത്രമാണ് ഉപയോഗിക്കുന്നത്. ഇവരിലും വളരെ ചുരുക്കം പേര്‍ ആര്‍ത്തവകപ്പ് ഉപയോഗിക്കുന്ന ശീലത്തിലേക്ക് മാറിയിരിക്കുന്നു. 25 വയസ്സില്‍ മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ ഒരു 10% ത്തിനു മുകളില്‍ സ്ത്രീകള്‍ ആര്‍ത്തവ കപ്പു ഉപഗോഗിക്കുന്നുണ്ട്. ആര്‍ത്തവ കപ്പു ഉപയോഗിച്ച് തുടങ്ങിയ ഓരോ സ്ത്രീകളും പറയുന്നത് ഇതിലും നല്ലൊരു ബദല്‍ മാര്‍ഗ്ഗം ഇല്ലെന്നു തന്നെയാണ്. സര്‍വേയില്‍ കണ്ടെത്തിയ മറ്റൊരു ശ്രദ്ധേയമായ വസ്തുത കൊറോണ ലോക്ക് ഡൌണ്‍ സാഹചര്യത്തില്‍ ഇത്തരം ശീലങ്ങളിലേക്ക് ചുവടു മാറാന്‍ ഒരു നല്ല അവസരം ഒരുക്കുകയും ഈ മാറ്റം ഒരു അനുഗ്രഹം ആവുകയും ചെയ്തു എന്നാണ്. സ്ത്രീകള്‍ക്ക് സ്വയം എല്ലാ മാസവും കടകളില് പോയി സിന്തെടിക് പാട് വാങ്ങേണ്ട സാഹചര്യം ഉണ്ടാകുന്നില്ല. തുണി പാഡുകളും കപ്പുകളും പുനരുപയോഗം ചെയ്യാം എന്നതിനാല്‍ ഇതിലൂടെ കൈവന്ന സാമ്പത്തിക ലാഭത്തെ സ്ത്രീകള്‍ വളരെ ആശ്വാസ പൂര്‍വ്വമാണ് നോക്കിക്കാണുന്നത്. ഇതിനോടകം 6500 ലധികം തുണി പാഡുകളും 600 ഓളം ആര്‍ത്തവ കപ്പുകളും വിതരണം ചെയ്തു കഴിഞ്ഞു.
ഇത് വലിയൊരു മാറ്റത്തിന്റെ ചെറിയൊരു തുടക്കം മാത്രമാണ്. ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത് തന്നെ ഇത് നമ്മുടെ നേടിത്തരുന്ന സ്ത്രീജന ശ്രദ്ധയും ശീല മാറ്റങ്ങളും ആണ്. സ്ത്രീകളുടെ ചെറിയൊരു ശീല മാറ്റത്തിലൂടെ വലിയൊരു വിപ്ലവത്തിന് സാധ്യമാകും എന്നതിന് തെളിവാണ് ഈ പദ്ധതി. ഇത് സ്ത്രീകള്‍ക്കും വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടനകള്‍ക്കും ഒരു പ്രചോദനം ആവട്ടെ…
The author Reema Anand is Senior Program Officer at ATREE CERC.
Comments